തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും പുറത്തു ചാടിയ കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തിയതും വെടിവെച്ചു വീഴ്ത്തിയതും. ഒമ്പതു വയസ്സുള്ള പെൺ കടുവയാണ് കൂട്ടിൽ നിന്നും പുറത്തു ചാടിയത്. മയങ്ങി വീണ കടുവയെ അധികൃതർ കൂട്ടിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെയാണ് വനംവകുപ്പിന്റെ സിംഹ സഫാരി പാർക്കിലെ കൂട്ടിൽ പാർപ്പിച്ചിരുന്ന കടുവ ചാടിപ്പോയത്. കഴിഞ്ഞ ചൊവ്വാഴ്ച, വയനാട്ടിൽ നിന്നുമാണ് അധികൃതർ കടുവയെ നെയ്യാർഡാമിലെ മരക്കുന്നം ദ്വീപിലെത്തിച്ചത്. സംഭവം നടന്നത് ദ്വീപിലായതിനാൽ, കടുവ ജനവാസകേന്ദ്രങ്ങളിൽ എത്തിയില്ലെന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് ജനങ്ങളെ അറിയിച്ചിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച തിരച്ചിൽ ഫലപ്രദമാവാത്തതിനാൽ, കടുവ ജലാശയത്തിൽ ചാടിയെന്നായിരുന്നു അധികൃതർ ആദ്യം കരുതിയത്. എന്നാൽ, ഇന്ന് രാവിലെ മുതൽ വീണ്ടും അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഉച്ചയോടെ കടുവയെ കണ്ടെത്തിയത്.
Discussion about this post