തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലമാണ് അറസ്റ്റിലായത്. അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ പ്രധാനിയാണ് അറസ്റ്റിലായ സിദ്ദിഖ് ഉൽ അസ്ലം.
ഇയാൾക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. സിദ്ദിഖ് ഉൽ അസ്ലം കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയിട്ടുണ്ട്. സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ നാട്ടിലെത്തിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചി യൂണിറ്റാണ് പിടികൂടിയത്. കനകമല കേസിലെ പ്രധാന പ്രതി കൂടിയാണ് അറസ്റ്റിലായ സിദ്ദിഖ് ഉൽ അസ്ലം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. 2016 സെപ്റ്റംബറിൽ സിദ്ധിഖും മറ്റു പത്ത് പേരും ചേർന്ന് ഐഎസ് കേരള ഘടകത്തിനു രൂപം നൽകുകയായിരുന്നുവെന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post