ന്യൂഡൽഹി : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഫൈസലിനെ മഥുരയിലെ കെഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മഥുരയിലെ നന്ദമഹൽ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നിസ്കാരം നടത്തിയ സംഭവത്തിൽ ഫൈസലിനെ കൂടാതെ മറ്റു 3 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഫൈസലിനൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്ലീം യുവാവ് മുഹമ്മദ് ചന്ദ്, ഗാന്ധിയൻ ആക്ടിവിസ്റ്റുകളായ അലോക് രത്തൻ, നിലേഷ് ഗുപ്ത എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സംഭവം നടന്നത് ഒക്ടോബർ 29 നാണ്. ക്ഷേത്രത്തിൽ നിസ്കരിക്കുന്ന യുവാക്കളുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.ക്ഷേത്രത്തിലെ ജീവനക്കാരനായ കന്ഹ ഗോസ്വാമിയാണ് യുവാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി നിരവധി ഹിന്ദുമത വിശ്വാസികളും രംഗത്തു വന്നിരുന്നു. പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 153 A (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുക),505 (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ ഭയമോ ആശങ്കയോ ഉണ്ടാക്കും വിധത്തിൽ അധിക്ഷേപകരമോ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റായതോ ആയ കാര്യങ്ങൾ പ്രചരിപ്പിക്കുക ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post