ജാംനഗർ: രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. ഫ്രാൻസിൽ നിന്നും ഒറ്റ ട്രിപ്പിൽ നിർത്താതെ പറന്നാണ് മൂന്നു റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇക്കാര്യം ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 8.14 ന് ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലാണ് വിമാനങ്ങളെത്തിയത്. ഈ വിമാനങ്ങൾ ഇന്ന് അംബാല വ്യോമതാവളത്തിലേക്കെത്തിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഇന്ത്യ ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങളായിരിക്കും വാങ്ങുക. ഇതിലെ ആദ്യ ബാച്ച് വിമാനങ്ങൾ ജൂലൈ 29ന് അംബാല വ്യോമതാവളത്തിലെത്തിയിരുന്നു. അന്ന്, അബുദാബിക്ക് സമീപമുള്ള അൽ ദഫ്‌റ എയർബേസിൽ നിർത്തിയതിനുശേഷമാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ 10 ന് ആദ്യ ബാച്ച് റഫാൽ വിമാനങ്ങളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു.
2023 -ഓടെ 36 റഫാൽ യുദ്ധവിമാനങ്ങളെയും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ അറിയിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവൻ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയതായി 3 റഫാലുകൾ കൂടി ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ചൈനക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ ഈ നീക്കം.
Discussion about this post