ജമ്മുകശ്മീരിലെ പുൽവാമയിൽ രണ്ടു പാക് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തി. എൻകൗണ്ടർ സൈറ്റിൽ വെച്ച് ഒരു ഭീകരൻ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പേരും തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിൽ പ്രവർത്തിക്കുന്നവരാണ്. ദ്രാങ്‌ബാൽ പാംപോർ നിവാസിയായ ഖവാർ സുൽത്താൻ മിർ ആണ് കീഴടങ്ങിയത്.
അവന്തിപോറ പോലീസ്, 50 രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. പുൽവാമ ജില്ലയിലെ അവന്തിപോറയിലുള്ള പാംപോറിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ സൈനിക നീക്കം നടത്തിയത്. ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് രണ്ടു പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കീഴടങ്ങാൻ വിസമ്മതിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയും ചെയ്തതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരരെ കൊലപ്പെടുത്തിയത്.
Discussion about this post