ഇസ്ലാമാബാദ് : ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ചാർജ് ഡി അഫയേഴ്‌സ് ഉദ്യോഗസ്ഥനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് പാകിസ്ഥാൻ. കർതാർപൂർ ഗുരുദ്വാരയുൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള ഗുരുദ്വാരകളുടെ നിയന്ത്രണം പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയെ ഏൽപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്ത്യൻ ഉദ്യോഗസ്ഥനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടുള്ളത്.
ദിവസങ്ങൾക്കു മുമ്പ്, പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിൽ നിന്നും പാകിസ്ഥാന്റെ മതകാര്യ വകുപ്പ് ലോക പ്രസിദ്ധ സിഖ് ആരാധനാലയമായ കർതാർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം ഏകപക്ഷീയമായി ഏറ്റെടുത്തിരുന്നു. ശേഷം, പാകിസ്ഥാനിലെ ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡെന്ന സിഖ് ഇതര സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കർതാർപൂരിലേതടക്കമുള്ള ഗുരുദ്വാരകളുടെ പ്രവർത്തന ചുമതല പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയെ ഏൽപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പാക് ഭരണകൂടം ക്ഷണിച്ചിട്ടുള്ളത്.
പാക് മണ്ണിൽ, ഇന്ത്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന പഞ്ചാബ് പ്രവിശ്യയിലെ നരോവൽ ജില്ലയിലാണ് കർത്താർപൂർ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. പാക് മതകാര്യ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി സിഖുകാർ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post