പാക് വ്യോമസേനയുടെ പോർവിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ ‘കട്ടപ്പുറത്ത്’ കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ. ചൈനീസ് പോർവിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേന വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനമായ റഫാലുകൾ ഇന്ത്യയിലെത്തിയതോടെ പാകിസ്ഥാൻ കടുത്ത ആശങ്കയിലാണ്. പാകിസ്ഥാന്റെ 40 ശതമാനം ജെ.എഫ് -17 ഫൈറ്ററുകൾക്കും വിവിധ കാരണങ്ങളാൽ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോർവിമാനങ്ങളുടെ ഘടനാപരമായ പ്രശ്നങ്ങളായതിനാൽ പെട്ടെന്ന് പരിഹരിക്കാനും കഴിയുന്നില്ല. ചില ജെഎഫ് -17 വിമാനങ്ങളുടെ മുകൾഭാഗത്തുള്ള ഇലക്ട്രിക്കൽ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ല. മറ്റു ചിലതിന്റെ ഫ്യൂസ്‌ലേജിലും പ്രശ്നങ്ങളുണ്ട്. ഇതിനു പുറമെ, ചൈനീസ് നിർമിത പാക് വിമാനങ്ങൾ തകർന്നു വീഴുന്നതും തുടരുകയാണ്. ചൈനയിൽ നിന്നും വാങ്ങിയ 15-ൽ കൂടുതൽ എഫ്-7 പിജി പോർവിമാനങ്ങളാണ് കഴിഞ്ഞ 18 വർഷത്തിനിടയിൽ തകർന്നു വീണത്.
പരിശീലന പറക്കലിനിടയിലാണ് ഇവയെല്ലാം തകർന്നു വീണത്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇവ പരിഹരിച്ച് നൽകാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ, പെഷവാറിലെ വ്യോമതാവളത്തിൽ എഫ്-7പിജി യുദ്ധവിമാനം തകർന്നു വീണ് രണ്ടു പൈലറ്റുമാർ മരണപ്പെട്ടിരുന്നു.
Discussion about this post