കൊച്ചി : കൊച്ചിക്കായലില്‍ യാത്രാബോട്ട് ദുരന്തം തലനാരിഴയ്ക്കു ഒഴിവായി. രാവിലെ 10.45 ഓടെയായിരുന്നു സംഭവം. നാവികസേന ബോട്ടുകളുടെ തിരയില്‍ യാത്രാബോട്ട് പെട്ടു. മറിയാന്‍ തുടങ്ങിയ ബോട്ട് രക്ഷിച്ചത് സ്രാങ്കിന്റെ മനഃസാന്നിധ്യം ഒന്നുകൊണ്ടു മാത്രം. രക്ഷപെട്ടെത്തിയ യാത്രക്കാര്‍ നാവികസേനയ്ക്കെതിരെ എറണാകുളം ബോട്ട് ജെട്ടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. എണ്‍പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ടാണിത്. ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയില്‍ നിന്നും എറണാകുളം ജെട്ടിയിലേക്കു സ്ഥിരമായി സര്‍വീസ് നടത്തുന്ന ബോട്ടാണിത്.
മൂന്നു ബോട്ടുകളാണ് നാവികസേന സംഘത്തിലുണ്ടായിരുന്നത്. ഇരട്ട എന്ജിന് ഘടിപ്പിച്ച ബോട്ടുകള്‍ അമിതവേഗത്തിലായിരുന്നു. ഈ ബോട്ട് പോകുമ്പോള്‍ വന്തിരയിളക്കമുണ്ടാകും. ഇതു യാത്രാബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. മറിയുമെന്ന ഘട്ടം വന്നപ്പോള്‍ വേഗം കുറച്ച് യാത്രാ ബോട്ട് നിര്‍ത്തിയിട്ടു. യാത്രക്കാരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് തിര അടങ്ങിയതിനു ശേഷമാണ് ബോട്ട് മുന്നോട്ടുപോയത്.
യാത്രക്കാരും ജീവനക്കാരും ഒച്ചവച്ചെങ്കിലും നാവികസേന ബോട്ടിലുള്ളവര്‍ പരിഹസിക്കുകയായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. മേലധികാരികളോടു റിപ്പോര്‍ട്ട് ചെയ്യുമെന്നും പൊലീസിലും കോസ്റ്റല്‍ പൊലീസിലും നാവികസേനയിലും പരാതിപ്പെട്ടതായും ബോട്ട് ജീവനക്കാര്‍ അറിയിച്ചു.
Discussion about this post