ലണ്ടൻ: പാകിസ്ഥാനിലെ വർഗ്ഗീയ കൊലപാതകങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് അംഗം ഇമ്രാൻ അഹമ്മദ് ഖാന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിൽ ഭരണകൂട ഭീകരത അരങ്ങു തകർക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലത്ത സ്ഥിതിയാണ് അവിടെയുള്ളത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ ബ്രിട്ടൺ തയ്യാറാകണമെന്നായിരുന്നു ഇമ്രാൻ അഹമ്മദ് ഖാന്റെ ആവശ്യം. ഇതിനോടെ പ്രതികരിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇമ്രാൻ അഹമ്മദ് ഖാന്റെ നിലപാടിനോട് താൻ പൂർണ്ണമായി യോജിക്കുകയാണെന്നും വിഷയം പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ മന്ത്രിസഭാംഗത്തെ ചുമതലപ്പെടുത്തിയതായും ജോൺസൺ വ്യക്തമാക്കി.
അതേസമയം പാകിസ്ഥാനിൽ മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂനപക്ഷ കൊലപാതകങ്ങളും നിയന്ത്രണമില്ലാതെ തുടരുകയാണ്. 82 വയസ്സുകാരനായ മെഹ്ബൂബ് അഹമ്മദ് ഖാൻ എന്ന അഹമ്മദീയ വിഭാഗക്കാരനെ തിങ്കളാഴ്ച അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇത് സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ക്രിസ്തുമത വിശ്വാസികളായ അമ്മയെയും മകനെയും പാകിസ്ഥാനിൽ അക്രമികൾ കൊലപ്പെടുത്തിയിരുന്നു.
Discussion about this post