ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. അത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍ യോജന എന്നാണ് പദ്ധതിയുടെ പേര്.
15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം നൽകും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊറട്ടോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും. ആരോഗ്യമേഖലയെയും മറ്റ് 26 വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിര്‍ദേശിച്ചതുമായ മേഖലകളെ ഇതിനായി പരിഗണിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പ അനുവദിക്കും. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31 വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവുകൾ പ്രഖ്യാപിച്ചു. നഗരങ്ങളിലെ ഭവന നിര്‍മാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിര്‍മാണത്തിനാണ് ഈ തുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സർക്കാർ കരാറുകാർ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു. നിലവിൽ ഇത് 5 മുതൽ 10 ശതമാനം വരെയാണ്. രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു.
മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പ അനുവദിച്ചു. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. രാജ്യത്തെ നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം തിരിച്ചു നൽകി. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണം ചെയ്തതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തു.
സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
Discussion about this post