വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാതെ അധ്യാപകന്റെ മുന്നില്‍ പഠിച്ചതായി അഭിനയിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം.
രാഹുലിന് പുറമേ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് ഒബാമ പരാമര്‍ശിച്ചിരിക്കുന്നത്.
ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ പുസ്തകം കൂടിയാണ് ‘എ പ്രോമിസ്ഡ് ലാന്‍ഡ്’. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പറയുന്നതിന് പുറമേ വൈറ്റ് ഹൗസിലെ എട്ട് വര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാഠഭാഗങ്ങള്‍ വേണ്ടവിധം പഠിക്കാതെ അധ്യാപകന്റെ മുന്നില്‍ അറിയാമെന്ന ഭാവത്തില്‍ അഭിനയിക്കുന്ന വിദ്യാര്‍ഥിയുടെ മുഖഭാവമാണ് രാഹുല്‍ ഗാന്ധിക്കെന്നാണ് ഒബാമ വിലയിരുത്തുന്നത്. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത, പരിഭ്രമവും സങ്കോചവുമുള്ള ആളാണ് രാഹുല്‍ ഗാന്ധിയെന്നും മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുലെന്നും ഒബാമ പറയുന്നു.
ശാന്തനും സത്യസന്ധതയുള്ള മനുഷ്യനുമെന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ ഒബാമ വിശേഷിപ്പിക്കുന്നത്. ഒരു തരം നിര്‍വികാരമായ ധാര്മികമൂല്യങ്ങളുളള വ്യക്തി കൂടിയാണ് മന്മോഹന് സിങ്ങെന്നും ഒബാമ അഭിപ്രായപ്പെടുന്നു.
പുതിയ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ തുടങ്ങിയ ലോകനേതാക്കളെയും ഒബാമ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നവംബര്‍ 17ന് പുസ്തകം ആഗോളതലത്തില്‍ പുറത്തിറക്കും.
Discussion about this post