തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മരുതംകുഴിയില്‍ ബണ്ട് പൊട്ടി ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറുന്നു. താല്‍ക്കാലികമായി നിര്‍മിച്ച ബണ്ടകളാണു പൊട്ടിയത്. കിള്ളിയാറിന്റെ കൈവഴില് നിന്നുള്ള വെള്ളമാണു വീടുകളിലേക്കു കയറുന്നത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്നാണു ബണ്ട് പൊട്ടിയത്. പ്രദേശത്തു സ്ഥിതി ചെയ്യുന്ന വീടുകളില്‍ മിക്കതും രണ്ടു നിലകളുള്ളതാണ്. വീടുകളുടെ ആദ്യത്തെ നിലയിലുള്ള മുറികളില്‍ പൂര്‍ണമായും വെള്ളം നിറഞ്ഞു. വീട്ടുപകരണങ്ങള്‍ പലതും ഒഴുകിപോയി.
പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമന സേനയും പോലീസു എത്തിയിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ വീട്ടുകാര്‍ ബന്ധുവീടുകളിലേക്കു മാറിയിരിക്കുകയാണ്. പ്രദേശത്ത് സ്ഥിരമായി ബണ്ട് നിര്‍മിക്കണമെന്നു നാട്ടുകാര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
ബണ്ടുകള്‍ പൊട്ടിയതിനു കാരണം ജല അതോറിറ്റിയുടെ വീഴ്ചയാണെന്ന് മേയര്‍ കെ ചന്ദ്രിക പറഞ്ഞു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജല അതോറിറ്റിയ്ക്കാണെന്നും മേയര്‍ അറിയിച്ചു.
Discussion about this post