കൊൽക്കത്ത : ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസ്സായിരുന്നു. ഒക്ടോബർ ആറിനാണ് കോവിഡ് ബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട്, കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സൗമിത്ര ചാറ്റർജി, അഞ്ച് പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദ സാഹിബ് ഫാൽക്കേ അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സാൻസാറിലൂടെയാണ് (1958) അദ്ദേഹം സിനിമയിൽ അരങ്ങേറിയത്.
പിന്നീട് സൗമിത്ര ചാറ്റർജി സത്യജിത് റേയുടെ തന്നെ 15 സിനിമകളുടെ ഭാഗമായി. കൂടാതെ, മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതി ലഭിച്ചിട്ടുള്ള വ്യക്തിയാണ് സൗമിത്ര ചാറ്റർജി.
Discussion about this post