ഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതര്‍ന്ന നേതാവ് കപില്‍ സിബല്‍. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെന്നല്ല രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. ബിജെപിക്ക് ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ല. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകുമെന്നും കപില്‍ സിബല്‍ പറഞ്ഞു. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും പരാജയ കാരണം അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയങ്ങളെല്ലാം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും മുഖം തിരിക്കുകയാണ്. പാര്‍ട്ടിയില്‍ വിഷയങ്ങള്‍ പറയാന്‍ വേദി ഇല്ലാത്തതിനാലാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ബിഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് കാര്യമായ സീറ്റുകള്‍ നേടാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.
Discussion about this post