ആലപ്പുഴ : വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചു. ഇന്നു രാവിലെ ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ, പെരുമ്പളം ഭാഗത്തു നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂവാറ്റുപുഴയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത് ഇടയം അനി വിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത അനി (21), ആയുർ നീറായിക്കോട് അഞ്ജുഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി. അശോക് (21) എന്നിവരാണ്. പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് വീട്ടിൽ നിന്നുമിറങ്ങിയ ഇവർ ശനിയാഴ്ച രാത്രി 7.45 നാണ് ആറ്റിലേക്കു ചാടിയത്. തുടർന്ന് ഇന്നലെ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടികളെ കണ്ടെത്താനായില്ല. ഇവരെ കാണാതായത് കൊല്ലം ചടയമംഗലത്ത് നിന്നുമാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 7.45 നു പാലത്തിൽ നിന്നും ഭാരമുള്ള വസ്തുക്കൾ വെള്ളത്തിൽ വീണതായി അയൽവാസികൾ ശബ്ദം കേട്ടതിനെ തുടർന്നാണ് പോലീസിനെ വിവരമറിയിക്കുന്നത്. പാലത്തിനു സമീപത്ത് നിന്നും ഒരു ചെരിപ്പും തൂവാലയും ലഭിച്ചിരുന്നു.








