സുനീഷ് വി ശശിധരൻ
ദീപാവലി റിലീസായി ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമാണ് സൂരറൈ പോട്ര്. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൺ സ്ഥാപകനുമായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ആത്മകഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ട സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ്. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിക്കാൻ ഗോപിനാഥ് സഹിച്ച ത്യാഗങ്ങളുടെയും നയിച്ച പോരാട്ടങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ തമിഴ് സൂപ്പർ താരം സൂര്യയാണ് നായകൻ. നെടുമാരൻ രാജാംഗം എന്ന കേന്ദ്രകഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കരുണാസ്, പരേഷ് റാവൽ, മോഹൻ ബാബു, വിവേക് പ്രസന്ന, അച്യുത് കുമാർ, പ്രകാശ് ബെലാവാഡി, സെന്തിൽ കുമാർ, ശിവജി അങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രം 2ഡി എന്റർടെയ്ന്മെന്റ്സും സിഖിയ എന്റർടെയ്ന്മെന്റ്സും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
‘ധീരർക്ക് പ്രശംസ‘ എന്ന ചിത്രത്തിന്റെ ടാഗ്ലൈൻ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ത്രില്ലിംഗ് രംഗങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് നായകനായ മാരന്റെ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും അവ നേടിയെടുക്കാൻ അയാൾ നയിക്കുന്ന പോരാട്ടങ്ങളിലേക്കും ചിത്രം അതിവേഗം മുന്നേറുന്നു. മാരന്റെ ജീവിതത്തിലേക്ക് ബൊമ്മി എത്തുന്നതും തുടർന്നുള്ള ചില രംഗങ്ങളും കുറച്ചു നേരത്തേക്ക് ഒരു ശരാശരി തമിഴ് മസാല ചിത്രത്തിന്റെ പ്രതീതി ഉളവാക്കുന്നുവെങ്കിലും അതിവേഗം ചിത്രം അതിന്റെ സ്വാഭാവിക നിലവാരത്തിലേക്ക് തിരികെയെത്തുന്നു. സാധാരണ ബയോപിക്കുകളിൽ നിന്നും വ്യത്യസ്തമായി ലാഗില്ലാതെ ഓരോ സീനിലും പുതുമ നിലനിർത്തുന്നതിൽ എഡിറ്റിംഗ് കൈകാര്യം ചെയ്ത സതീഷ് സൂര്യ മികവ് പുലർത്തുന്നു.
തന്റെ ചിത്രങ്ങളിൽ തനിക്ക് കിട്ടുന്ന നടീനടന്മാരുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കുക എന്ന സുധ കൊങ്കര സ്റ്റൈലിന്റെ ഉത്തമ ഉദാഹരണമാണ് സൂരറൈ പോട്ര്. സൂര്യ എന്ന സൂപ്പർസ്റ്റാറിനെ ഒരു തരത്തിലും സ്ക്രീനിൽ കാണാൻ കഴിയുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂര്യ എന്ന നടന്റെ വിസ്മയ പ്രകടനത്തിനാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. തുടക്കത്തിലെ ചില രംഗങ്ങളിലെ ഡബ്ബിംഗ് കൃത്രിമത്വം ഒഴിച്ചു നിർത്തിയാൽ ഒരു രംഗത്തും ബോറഡിപ്പിക്കാത്ത പ്രകടനമാണ് അപർണ്ണ ബാലമുരളിയുടേത്. പഴകും തോറും വീഞ്ഞിന് വീര്യമേറുമെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉർവ്വശിയുടേത്. പരേഷ് റാവൽ, മോഹൻ ബാബു, വിവേക് പ്രസന്ന, അച്യുത് കുമാർ, പ്രകാശ് ബെലാവാഡി എന്നിവരുടെ പ്രകടനങ്ങളും മികച്ചു നിൽക്കുന്നു.
അച്ഛനോട് വഴക്കിട്ട് വീടു വിട്ടിറിങ്ങുന്ന സീനിലും, എയർപോർട്ടിൽ പണത്തിന് യാചിക്കുന്ന സീനിലും, അച്ഛന്റെ മരണ ശേഷം വീട്ടിലെത്തുന്ന ഉർവ്വശി കോംബിനേഷൻ സീനിലും ബൊമ്മിയോട് പണം കടം ചോദിക്കുന്ന സീനിലുമൊക്കെ അസാമാന്യ സ്ക്രീൻ പ്രസൻസോടെ ഞെട്ടിക്കുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെക്കുന്നത്. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാന്നിദ്ധ്യം പ്രകടമാക്കുന്ന രംഗം വലിയ നഷ്ടബോധമാണ് പ്രേക്ഷകരിൽ ഉളവാക്കുന്നത്. തിയേറ്റർ കാഴ്ചയിൽ കൈയ്യടിയുടെ പൂരപ്പറമ്പായേക്കാമായിരുന്ന രംഗമാണ് കൊവിഡ് നിയന്ത്രണം മൂലം പ്രേക്ഷകന് നഷ്ടമാകുന്നത്.
ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നു. നികേത് ബൊമ്മിറെഡ്ഡിയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിക്കുന്നു.
ആത്മാർത്ഥമായ പോരാട്ടം വിജയം കൊണ്ടു വരുമെന്ന് പറയാതെ പറയുന്ന ചിത്രത്തിലെ ഏറ്റവും മികച്ച ഘടകം സൂര്യയുടെ പ്രകടനം തന്നെയാണ്. മാസ് മസാല ഡയലോഗുകൾക്കും കൃത്രിമത്വം നിറഞ്ഞ നൃത്ത- സംഘട്ടന രംഗങ്ങൾക്കും അപ്പുറം ഇനിയും സൂര്യ ശിവകുമാർ എന്ന നടനിൽ നിന്നും തെന്നിന്ത്യൻ സിനിമക്ക് ഏറെ പ്രതീക്ഷിക്കാമെന്ന ശക്തമായ സന്ദേശമാണ് സൂരറൈ പോട്ര് മുന്നോട്ട് വെക്കുന്നത്.
Discussion about this post