ന്യൂഡൽഹി: ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ. ചൈന പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം രംഗത്തു വന്നിട്ടുണ്ട്. വിദേശ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിൽ ഒരു പ്രവർത്തിയും അതിർത്തിയിൽ നടന്നിട്ടില്ലെന്നുമാണ് ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തത്.
നേരത്തെ, ഇന്ത്യൻ സൈന്യത്തിനു നേരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വിദേശ മാധ്യമങ്ങൾ ചൈനീസ് പ്രൊഫസറെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ചൈന ഇന്ത്യൻ സൈന്യത്തിനെതിരെ മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ആദ്യം പുറത്തുവിട്ടത് ലണ്ടനിലെ ഒരു മാധ്യമമാണ്. മൈക്രോവേവ് ആയുധങ്ങൾ ചൈന പ്രയോഗിക്കുന്നത് ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് നേരെയാണെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചൈന ഇത്തരത്തിലൊരു നീക്കം ഇന്ത്യൻ സൈനികർക്കെതിരെ നടത്തുന്നുണ്ടെന്ന പ്രസ്താവന നടത്തിയത് ചൈനയിലെ റെൻമിൻ സർവകലാശാല പ്രൊഫസർ ജിൻ കാന്റോങാണ്. ആഗസ്റ്റ് 29 മുതൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികർക്കു നേരെ മൈക്രോവേവ് ആയുധം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രൊഫസർ പറഞ്ഞത്.
Discussion about this post