ബംഗളൂരു: ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. ഒക്ടോബർ 31 മുതൽ ഒളിവിലായിരുന്ന സമ്പത്ത് രാജിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ, കോൺഗ്രസ് നേതാക്കളായ എ. ആർ സക്കീർ, സമ്പത്ത് രാജ് എന്നിവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. മുൻ മേയറുടെ അറസ്റ്റിനു പിന്നാലെ, കലാപത്തിനു പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസാണെന്ന് ആരോപിച്ച് ജനതാദൾ സെക്യുലർ പാർട്ടി രംഗത്തു വന്നിരുന്നു. ജനതാദൾ സെക്യുലർ പാർട്ടിയുടെ ഔദ്യോഗിക വക്താവായ തൻവീർ അഹമ്മദാണ് ഇത്തരത്തിലൊരു ആരോപണം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കോൺഗ്രസ് എക്കാലത്തും പ്രയോഗിച്ചിരുന്നത് ‘വോട്ടുബാങ്ക് രാഷ്ട്രീയ’മായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2020 ആഗസ്റ്റ് 11 നാണ് പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ ഇസ്ലാം മതത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് മതതീവ്രവാദികൾ ബംഗളൂരുവിൽ അക്രമമഴിച്ചുവിട്ടത്. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 61 കേസുകളിൽ എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷയടക്കം 421 പേർ പ്രതികളാണ്.
Discussion about this post