വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകം ദി പ്രോമിസ്ഡ് ലാന്‍ഡിനെതിരേ കേസ്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ആണ് അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അവരെ അവഹേളിക്കുന്നതാണെന്നും ഇത് അവരുടെ അനുയായികളെ വേദനിപ്പിക്കുന്നതാണെന്നുമാണ് ആരോപണം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗ്യാന്‍ പ്രകാശ് ശുക്ലയാണ് ലാല്‍ഗഞ്ച് സിവില്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയേയും മന്‍മോഹന്‍ സിംഗിനേയും കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശങ്ങള്‍ അവരെ അപമാനിക്കുന്നതും രാജ്യത്തിന്റെ പരമാധികാരത്തെ കടന്നാക്രമിക്കുന്നതുമാണെന്ന് ഹര്‍ജിയില്‍ ശുക്ല ആരോപിച്ചു. കേസില്‍ ഡിസംബര്‍ ഒന്നിന് കോടതി വാദം കേള്‍ക്കും.
ഈ നേതാക്കള്‍ക്ക് ലക്ഷക്കണക്കിന് അനുയായികളുണ്ടെന്നും ഒബാമ പുസ്തകത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവരെ വേദനിപ്പിക്കുന്നതാണെന്നും ശുക്ല പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ അനുയായികള്‍ പുസ്തകത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അതിനാല്‍ ഒബാമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു. ഒരു തരം നിര്‍വികാരമായ ധാര്‍മികമൂല്യങ്ങളുളള വ്യക്തിയെന്നാണ് മന്‍മോഹന്‍ സിങ്ങിനെ ഒബാമ വിശേഷിപ്പിച്ചത്.
Discussion about this post