ഭോപ്പാൽ: ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ജമ്മുകശ്മീരിലെ ഗുപ്കർ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജമ്മുകശ്മീരിനു പ്രത്യേക പദവി അനുവദിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ശിവരാജ് സിങ് ചൗഹാൻ വിമർശിച്ചു.
മാത്രമല്ല, ജമ്മുകശ്മീരിൽ റോഷ്‌നി ആക്റ്റിന്റെ പേരിൽ 25,000 കോടി രൂപയുടെ ഭൂമി ഗുപ്കർ സംഘം കൈക്കലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മീരിൽ റോഷ്നി ആക്ട് നിലവിൽ വരുന്നത് ഫാറൂഖ് അബ്ദുള്ള സർക്കാരിന്റെ കാലത്താണ്. നേരത്തെ, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ്ലോൺ തുടങ്ങിയ നേതാക്കൾ ചേർന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കർ പ്രഖ്യാപനത്തിനായുള്ള ജനകീയ കൂട്ടായ്മ’ എന്ന മുന്നണി രൂപീകരിച്ചിരുന്നു. ഈ കൂട്ടായ്മയാണ് ഗുപ്കർ സംഘമെന്ന് അറിയപ്പെടുന്നത്.
അതേസമയം, കോൺഗ്രസ് ഗുപ്കർ സംഘത്തിലെ അംഗമല്ലെന്ന് നേരത്തെ പാർട്ടി വ്യക്തമാക്കിയിരുന്നു. ഗുപ്കർ സംഘത്തോടൊപ്പം ചേർന്ന് ജില്ലാ വികസന കൗൺസിലിലേക്ക് മത്സരിക്കുമ്പോഴും കോൺഗ്രസ് പാർട്ടി ഗുപ്കർ സംഘത്തിന്റെ ഭാഗമല്ലെന്നുള്ള പ്രസ്താവന അവിശ്വസനീയമാണെന്നാണ് ഇതിനോട് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Discussion about this post