ഡൽഹി: ചൈനാ അതിർത്തിക്ക് സമീപം റോഡ് നിർമ്മാണത്തിനും നവീകരണത്തിനുമായി വൻ തുക അനുവദിച്ച് കേന്ദ്ര സർക്കാർ. അതിർത്തി മേഖലകളിലെ രണ്ടാം ഘട്ട റോഡ് വികസനത്തിനായി 12,434. 90 കോടി രൂപയാണ് ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ലഡാക്കിലെ ഇന്ത്യ ചൈനാ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കമെന്നാണ് സൂചന.
ബി ആർ ഓ, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവയാണ് റോഡ് നിർമ്മാണത്തിൽ പങ്കാളികളാകുന്നത്. അരുണാചൽ പ്രദേശ്, സിക്കിം, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മേഖലകളിലാണ് റോഡ് നിർമ്മാണം.
മുന്നാം ഘട്ട നവീകരണത്തിന് 50 റോഡുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിർത്തി പോസ്റ്റുകൾക്ക് സമീപത്തെ പാതകളുടെ വികസനത്തിന് പ്രതിരോധ മന്ത്രാലയവും അനുമതി നൽകിയതായാണ് വിവരം.
അതിർത്തി മേഖലകളിൽ ആകെ 61 റോഡുകൾ നിർമ്മിക്കാനാണ് ബി ആർ ഓ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 29 എണ്ണം ഇതുവരെ പൂർത്തീകരിച്ചു. അതേസമയം അതിർത്തി മേഖലകളിൽ ഐ ടി ബി പി നിതാന്ത ജാഗ്രത തുടരുകയാണ്. ചൈനാ അതിർത്തിയിൽ 180 ഔട്ട് പോസ്റ്റുകളിലാണ് ഐ ടി ബി പി ഭടന്മാരെ വിന്യസിച്ചിരിക്കുന്നത്. അടുത്തയിടെ 47 ഔട്ട് പോസ്റ്റുകൾ കൂടി മേഖലയിൽ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
Discussion about this post