ഡൽഹി: സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭാരതത്തിൽ നാനോടെക്നോളജി നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷകർ. 2600 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന നാനോ സാങ്കേതിക വിദ്യയുടെ തെളിവുകൾ തമിഴ്‌നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ടുള്ള പദാര്‍ഥങ്ങൾ മണ്‍പാത്രങ്ങളിള്‍ പൂശിയിരുന്നതായി സയന്റിഫിക് റിപ്പോര്‍ട്ട്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. 2600 വര്‍ഷം ഈ നാനോപദാര്‍ഥം നിലനിന്നു എന്നത് അത്ഭുതകരമാണെന്നും ഗവേഷകർ പറയുന്നു.
മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളുടെ കാര്യത്തില്‍, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയ തെളിവുകളാണ് ഇവയെന്ന് പഠനത്തില്‍ പങ്കെടുത്ത വെല്ലൂര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകന്‍ വിജയാനന്ദ് ചന്ദ്രശേഖരന്‍ അഭിപ്രായപ്പെടുന്നു. മണ്‍പാത്രങ്ങളില്‍ പൂശാനുപയോഗിക്കുന്ന വസ്തുക്കള്‍ സാധാരണയായി കാലാവസ്ഥാമാറ്റങ്ങളില്‍ പെട്ട് നശിക്കാറാണ് പതിവ്. എന്നാൽ ഇപ്പോള്‍ കണ്ടെത്തിയവയ്ക്ക് കേടുപാടില്ലെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. രൂപകല്‍പനയിലെ പ്രത്യേകത കാരണമാവാം ഇത്രയും കാലം അവയ്ക്ക് മാറ്റങ്ങൾ സംഭവിക്കാതിരുന്നതെന്നും ഗവേഷകർ അനുമാനിക്കുന്നു.
അന്നത്തെ ജനങ്ങളുടെ കാര്‍ബണ്‍ ഘടനയെ കുറിച്ചുള്ള അറിവ് അത്ഭുതകരമാണെന്ന് പഠനത്തിൽ പങ്കാളികളായിരുന്ന ഗവേഷകർ അഭിപ്രായപ്പെടുന്നു. പ്രാചീനകാലത്ത് സസ്യങ്ങളുടെ ചാറും സത്തും മറ്റും മണ്‍പാത്രങ്ങളില്‍ പൂശാന്‍ ഉപയോഗിച്ചിരുന്നു. ഇവ 1100-1400 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചുട്ടെടുത്തിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പഠനത്തിൽ പങ്കെടുത്ത സംഘാംഗങ്ങൾ പറയുന്നു. ദക്ഷിണേന്ത്യയില്‍ ഇരുമ്പ് യുഗം നിലനിന്നിരുന്നതായുള്ള വാദം ദൃഢപ്പെടുത്തുന്നതാണ് ഈ ഖനനങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
Discussion about this post