ഡൽഹി: നഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻ കോട്ട് ഭീകരരാക്രമണത്തിന്റെ സൂത്രധാരൻ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവരാണെന്ന് ജമ്മു കശ്മീർ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചാവേർ ആക്രമണമാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മുകശ്മീരിൽ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. രാത്രിയിൽ മുപ്പത് കിലോമീറ്റർ നടന്നാണ് ഇവർ അതിർത്തി കടന്നതെന്നും ജമ്മു കശ്മീർ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
വൻ അട്ടിമറിക്കുള്ള ഭീകരരുടെ പദ്ധതിയാണ് ഇന്റലിജൻസിന്റെയും സൈന്യത്തിന്റെയും സമയോചിത ഇടപെടലിലൂടെ ഇന്ത്യ തകർത്തത്. നാഗ്രോട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗറിന്റെ അനുനായികളാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
നഗ്രോട്ടാ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Discussion about this post