ന്യൂഡൽഹി: ലഡാക്കിലെ പ്രകോപനത്തിനു പിന്നാലെ ഇന്ത്യ നൽകുന്ന തിരിച്ചടികളിൽ പതറി ചൈന. ചൈനയിപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാജ്യം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ചൈന ഇന്ത്യയ്ക്കു മുന്നിൽ അപേക്ഷയുമായെത്തിയത്. ഇന്ത്യ -ചൈന വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളത് ഡൽഹിയിലെ ചൈനീസ് എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ്. ഭീഷണികളെക്കാൾ വികസനത്തിനായുള്ള കൂടുതൽ അവസരങ്ങളാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്നും പരസ്പര ലാഭത്തിനായി ഉഭയകക്ഷി സാമ്പത്തിക വ്യാപാര ബന്ധം തിരികെ കൊണ്ടു വരണമെന്നും പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല, ചർച്ചയിലൂടെയും പരസ്പരധാരണയിലൂടെയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്നും ചൈനീസ് എംബസി പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ആപ്പുകളുടെ നിരോധനത്തിനു പിന്നാലെ കേന്ദ്രസർക്കാർ തീരുമാനത്തോടുള്ള ചൈനയുടെ അഭിപ്രായം മാധ്യമങ്ങൾ ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എംബസി ഈ പ്രസ്താവന പുറത്തിറക്കിയത്.
Discussion about this post