26/11 മുംബൈ ഭീകരാക്രമണത്തിൽ കൊലപ്പെട്ടവർക്ക് ആദരവർപ്പിച്ച് ഇസ്രായേൽ. മാത്രമല്ല, ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണം പാകിസ്ഥാൻ പിന്തുണയോടെയുള്ള ആക്രമണമായിരുന്നെന്ന് രാജ്യം ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള സൗഹൃദത്തെ പുകഴ്ത്തിയ ഇസ്രായേൽ, ആക്രമണത്തിൽ മരണപ്പെട്ടവരെ ഓർക്കുന്നതിനായി ഇന്ന് 8 മണിക്ക് (ഇന്ത്യൻ സമയം രാത്രി 11.30 ) വെർച്വലായി ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തീവ്രവാദികൾക്ക് ധനസഹായവും ആയുധ സഹായവും നൽകുന്ന എല്ലാ രാജ്യങ്ങളെയും ഇസ്രായേൽ ശക്തമായി എതിർക്കുകയാണെന്നും ഇന്ത്യയെ പോലെ രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും പ്രാധാന്യം നൽകുന്ന ഒരു രാജ്യവുമായി സൗഹൃദം നിലനിർത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇസ്രായേലിലെ എലിയറ്റ് നഗരത്തിലുള്ള ഐസക് സോളമൻ എന്ന വ്യക്തി പറഞ്ഞു.
12 വർഷം മുമ്പാണ് ഇതേ ദിവസം മുംബൈ നഗരത്തിൽ പാക് ഭീകരരുടെ ആക്രമണമുണ്ടായത്. ഭീകരർ മുംബൈയുടെ തെരുവുകളിൽ മരണം വിതച്ചപ്പോൾ ജീവൻ നഷ്ടമായത് 166 പേർക്കാണ്. കൂടാതെ, 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡ്, പോലീസ്, സൈനികർ എന്നിവരുടെ 58 മണിക്കൂർ നേരത്തെ സംയുക്ത പോരാട്ടത്തിൽ 9 ഭീകരരെയാണ് വധിച്ചത്.
Discussion about this post