അഹമ്മദാബാദ്: 2008-ലെ മുംബൈ ഭീകരാക്രമണം സൃഷ്ട്ടിച്ച മുറിവുകൾ ഇന്ത്യയൊരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടന്ന് 12 വർഷം പിന്നിടുമ്പോൾ, അന്ന് ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നയമല്ല ഇപ്പോഴുള്ളതെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു. കൂടാതെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും അദ്ദേഹം ആദരവർപ്പിച്ചു.
ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്നത്തെ ദിവസം രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2008-ൽ ഇതേ ദിവസമാണ് പാക് ഭീകരർ മുംബൈ നഗരം ആക്രമിക്കുകയും തുടർന്ന് നിരവധി ഇന്ത്യക്കാർ കൊല്ലപ്പെടുകയും ചെയ്തത്. മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരെയും ഭീകരർ കൊലപ്പെടുത്തി. മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരവർപ്പിക്കുകയാണ്”- പ്രധാന മന്ത്രി പറഞ്ഞു.
12 വർഷം മുമ്പാണ് ഇതേ ദിവസം മുംബൈ നഗരത്തിൽ പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലെ ഭീകരരുടെ ആക്രമണമുണ്ടായത്. ഭീകരർ മുംബൈയുടെ തെരുവുകൾ പിടിച്ചെടുത്തപ്പോൾ ജീവൻ നഷ്ടമായത് 166 പേർക്കാണ്. കൂടാതെ, 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡ്, പോലീസ്, സൈനികർ എന്നിവരുടെ 58 മണിക്കൂർ നേരത്തെ സംയുക്ത പോരാട്ടത്തിൽ 9 ഭീകരരെയാണ് വധിച്ചത്.
Discussion about this post