തൃശൂർ: ജി.എസ്.ടി രജിസ്ട്രേഷൻ ആധാർ ഇല്ലാതെ ഉദാരമാക്കിയ കാലത്ത് വ്യാജ രജിസ്ട്രേഷനിലൂടെ നടത്തിയത് 50,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി ആന്റി ഇവേഷൻ വിങ്ങാണ് ഇക്കാര്യം കണ്ടെത്തിയത്.
രണ്ടാഴ്ചയായി രാജ്യമൊട്ടാകെ നടക്കുന്ന പരിശോധനയിലാണ് ഇത്രയധികം രൂപയുടെ വെട്ടിപ്പ് പിടിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജമായി രജിസ്ട്രേഷൻ നടത്തി, വ്യാപാരം നടന്നതായി കാണിച്ചു നികുതി തുക തിരിച്ചുപിടിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. വ്യാപാരികൾ മുൻകൂർ ഒടുക്കിയ തുക തിരികെ വാങ്ങുകയാണ് ജി.എസ്.ടി നിയമപ്രകാരം ചെയ്യാറ്. നടക്കാത്ത ഇടപാടിൽ നികുതി ഒരുക്കിയതായി വ്യാജരേഖയുണ്ടാക്കിയാണ് വ്യാപാരികൾ സർക്കാരിനെ കബളിപ്പിച്ചത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റെന്ന ഈ രീതി ഉപയോഗപ്പെടുത്തി അര ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ത്യയിലൊട്ടാകെയുള്ള അനവധി വ്യാജ ഇടപാടിലൂടെ നേടിയത്.
നികുതി അടയ്ക്കാതെ വഞ്ചിക്കുകയല്ല, മറിച്ച്, ജി എസ് ടി വകുപ്പിന്റെ പണം കവരുകയാണ് തട്ടിപ്പുകാർ ചെയ്തതെന്നതിനാൽ അധികൃതർ ഇത് ഗുരുതരമായാണ് കാണുന്നത്. അതിനാൽ തന്നെ കുറ്റവാളികൾക്ക് മേൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. ഇതോടെ രജിസ്ട്രേഷൻ നിയമങ്ങൾ കർശനമായതിനാൽ ആധാറില്ലാതെ ജി.എസ്.ടി രജിസ്ട്രേഷനെടുക്കണമെങ്കിൽ ഇനി വിശ്വസ്തരായ 2 നികുതി ദായകരുടെ ശുപാർശക്കത്ത് വേണം.
Discussion about this post