ന്യൂഡൽഹി: മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള രഹസ്യാന്വേഷണ മേഖലാ സഹകരണം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം നാലാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ത്രിതല ഉന്നത യോഗം ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്നിരുന്നു. ഈ യോഗത്തിലാണ് മൂന്നു രാജ്യങ്ങളും ചേർന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ഭീകരവാദം, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ മേഖലകളിലായിരിക്കും പ്രധാനമായും ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ രഹസ്യാന്വേഷണ സഹകരണം ഉറപ്പാക്കുക. മാത്രമല്ല, വർഷത്തിൽ രണ്ടു തവണ മൂന്നു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാക്കൾ കൂടിക്കാഴ്ച്ച നടത്തുമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഓപ്പറേഷണൽ ലെവലിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുള്ളത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മാലദ്വീപിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി മരിയ ദീദിയും ശ്രീലങ്കയ്ക്കു വേണ്ടി പ്രതിരോധ സെക്രട്ടറി മേജർ ജനറൽ ( റിട്ടയേഡ്) കമൽ ഗുണരത്നെയുമാണ് യോഗത്തിൽ പങ്കെടുത്തത്. മൂന്ന് രാജ്യങ്ങളുടേയും ആദ്യത്തെ ത്രിതല ഉന്നത യോഗം നടന്നത് 2011-ലാണ്. അതിനുശേഷം 2013-ലും 2014-ലും ഡൽഹിയിൽ വെച്ച് യോഗം സംഘടിപ്പിച്ചിരുന്നു
Discussion about this post