ദുബായ് : ഭക്ഷണവും ഊര്‍ജവും ഇതര സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന കടലിന്റെ സുരക്ഷയ്ക്കു കൈകോര്‍ക്കാനുള്ള രാജ്യാന്തര കൂട്ടായ്മയുടെ മുന്‍നിരയിലേക്കു യുഎഇ. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവുകളേറെയുള്ള യുഎഇയുടെ സേവനം ഇക്കാര്യത്തില്‍ സഹായകമാകുമെന്നു ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക വെല്ലുവിളികളും കടലിനു ഗുരുതര ആഘാതമേല്‍പ്പിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍മപരിപാടികള്‍ നടപ്പാക്കും. കടല്‍ നേരിടുന്ന ഭീഷണികളുമായി ബന്ധപ്പെട്ടു മൗറീഷ്യസില്‍ നടന്ന ആദ്യ മന്ത്രിതല സമ്മേളനത്തില്‍ ഇതിന്റെ രൂപരേഖ തയാറാക്കി. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ യുഎഇ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ഡോ. താനി അഹമ്മദ് അല്‍ സിയൂദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ടാം ഉച്ചകോടി ജനുവരി 19ന് അബുദാബിയില്‍ നടക്കും. കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യ ഉച്ചകോടി. അതിനുശേഷം നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും പുതിയ കര്‍മപരിപാടികള്‍ നടപ്പാക്കുകയും ചെയ്യും.
കൂടുതല്‍ രാജ്യങ്ങളെ കൂട്ടായ്മയിലേക്കു കൊണ്ടുവരും. കടലിലെ എണ്ണച്ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഉപഗ്രഹ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യമാണ് യുഎഇ. ‘ആരോഗ്യമുള്ള കടല്‍’ എന്ന ആശയം യാഥാര്‍ഥ്യമാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. മല്‍സ്യം ഉള്‍പ്പെടെയുള്ള കടല്‍ വിഭവങ്ങളെ ആശ്രയിച്ചാണു ലോകത്ത് ബഹുഭൂരിപക്ഷവും ഇന്നും ജീവിക്കുന്നത്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരുമേറെയാണ്. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരമ്പരാഗത അറിവുകളും മികച്ച സാങ്കേതിക സംവിധാനങ്ങളും യുഎഇക്ക് ഉണ്ട്. മല്‍സ്യം, മറ്റു കടല്‍വിഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യവസായങ്ങളും നിലനില്ക്കുന്നു. ടൂറിസം, കടല്ക്കാറ്റില്നിന്നും തിരമാലകളില്നിന്നുമുള്ള ഊര്ജോല്പാദനം, ധാതുശേഖരണം എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുന്നു. ഈ സാഹചര്യത്തില്‍ കടല്‍വിഭവങ്ങളുടെ നാശം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നു. നൂറ്റാണ്ടുകളായി ചൂഷണം ചെയ്യുന്നതല്ലാതെ കടലിന്റെ സംരക്ഷണത്തിനായി മനുഷ്യസമൂഹം ഒന്നും ചെയ്യുന്നില്ലെന്ന് സമ്മേളനത്തിലെ പ്രതിനിധികള്‍ പറഞ്ഞു.
മല്‍സ്യബന്ധനം, തുറമുഖം, ഷിപ്പിങ്, ധാതുശേഖരണം, തീരദേശ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ വ്യക്തമായ രൂപരേഖ വേണം. അശാസ്ത്രീയ വികസന പരിപാടികള്‍ കടലിന്റെ നാശത്തിനു വഴിയൊരുക്കുന്നതായും ചൂണ്ടിക്കാട്ടി. അശാസ്ത്രീയ മല്‍സ്യബന്ധനം പലയിനങ്ങളുടെയും വംശനാശത്തിനിടയാക്കുന്നു. എണ്ണച്ചോര്‍ച്ചയ്ക്കു പുറമേ വന്‍തോതില്‍ രാസവസ്തുക്കളും മാലിന്യങ്ങളും കടലില്‍ തള്ളുന്നുണ്ട്. സമുദ്രജലത്തിന്റെ ഘടനയ്ക്കുപോലും മാറ്റം വന്നതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. അമ്ലത്വം കൂടിവരുന്നത് ഗുരുതരമായ സാഹചര്യമാണ്. കടല്‍ ആക്രമണകാരിയാകുന്നതില് മനുഷ്യര്‍ക്കും പങ്കുണ്ട്. ലോകരാജ്യങ്ങള്‍ കൈകോര്‍ത്തെങ്കില്‍ മാത്രമേ കടലിന്റെ സംരക്ഷണം യാഥാര്‍ഥ്യമാകൂ എന്ന് യുഎഇ പ്രതിനിധി ഡോ. അല്‍ സിയൂദി പറഞ്ഞു.
Discussion about this post