ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പൂർണമായും സൗരോർജ്ജവൽക്കരിക്കുമെന്ന് റിന്യൂവബിൾ എനർജി വകുപ്പ് മന്ത്രി ആർ.കെ സിങ്. മാലദ്വീപിൽ വെച്ചു നടന്ന മൂന്നാമത് ആഗോള റീ-ഇൻവെസ്റ്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030 ഓടെ ഇന്ത്യ ലക്ഷ്യമിടുന്നത് 450 GW റിന്യൂവബിൾ എനർജിയാണെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. മാലദ്വീപിലെ റിന്യൂവബിൾ എനർജിയുടെ പദ്ധതികൾക്കാവശ്യമായ എല്ലാവിധ സഹകരണവും പിന്തുണയും ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടാവുമെന്ന് ആർ.കെ സിങ് ഉറപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് രണ്ടു ശതമാനമായി നിലനിർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും നിലവിൽ രാജ്യത്തിനു 13,6000 മെഗാവാട്ട് റിന്യൂവബിൾ എനർജിക്കുള്ള ശേഷിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ 57000 മെഗാവാട്ട് കൂടി വർധിപ്പിക്കാനുള്ള പദ്ധതികൾ നടന്നു വരികയാണ്.
മാത്രമല്ല, രാജ്യത്ത് 11 മില്യൺ എൽഇഡി സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ഇന്ത്യയുടെ പ്രധാന ലക്ഷ്യം സൗരോർജ്ജം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് CO2 ബഹിർഗമനം കുറയ്ക്കുക എന്നതാണെന്നും യോഗത്തിൽ കേന്ദ്രമന്ത്രി ആർ.കെ സിങ് കൂട്ടിച്ചേർത്തു.
Discussion about this post