നിയാമി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. ജമ്മു കശ്മീർ വിഷയം പ്രത്യേകം ചർച്ചയ്ക്ക് എടുക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം സംഘടനയിലെ അംഗരാജ്യങ്ങൾ അംഗീകരിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ വെച്ചായിരുന്നു യോഗം നടന്നത്. ജമ്മുകശ്മീർ വിഷയത്തിൽ പ്രത്യേക അനുബന്ധ യോഗം നടത്താനുള്ള പാക് നീക്കവും ഇതിനോടൊപ്പം തന്നെ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഘടനയുടെ യോഗത്തിലെ പൊതുപ്രസ്താവനയിൽ കശ്മീർ വിഷയം സംബന്ധിച്ച് പരാമർശമുണ്ടെന്ന് അവകാശപ്പെട്ട് ശനിയാഴ്ച വൈകുന്നേരം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഓഫീസ് പ്രത്യേക പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, പൊതു പ്രസ്താവനയിൽ ആഗോള വിഷയങ്ങൾ സംബന്ധിച്ച് പരാമർശം വരുന്നത് സ്വാഭാവികമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്.
വിവിധ ഏജൻസികൾ വഴി നിയാമിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇതിനു സമാനമായ കാര്യങ്ങൾ തന്നെയാണ്. യോഗത്തിൽ പങ്കെടുക്കുന്ന പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കശ്മീരിനു പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷമുള്ള കാര്യങ്ങൾ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ പ്രത്യേകം ചർച്ച ചെയ്യണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ അത് ആഭ്യന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടി യോഗം ഇക്കാര്യം പരിഗണിക്കാൻ വിസമ്മതിച്ചു.
Discussion about this post