ഗാന്ധിനഗർ: കോവിഡ് ആർ.ടി-പി.സി. ആർ പരിശോധന നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സർക്കാർ. നേരത്തെ, ഗുജറാത്തിലെ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനയ്ക്കായി 1500 രൂപ മുതൽ 2000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ സ്ഥാനത്ത് ഇനിമുതൽ ഈടാക്കുക 800 രൂപയായിരിക്കും.
നിരക്ക് കുറച്ച വിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്. വീട്ടിലെത്തി രോഗികളുടെ ആവശ്യപ്രകാരം പരിശോധന നടത്തണമെങ്കിൽ 1,100 രൂപയായിരിക്കും ഈടാക്കുക. ഡിസംബർ ഒന്നുമുതൽ പുതുക്കി നിശ്ചയിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് നിധിൻഭായ് പട്ടേൽ അറിയിച്ചു. ആർ.ടി-പി.സി. ആർ പരിശോധന നിരക്ക് കഴിഞ്ഞ ദിവസം ഡൽഹി സർക്കാരും 800 രൂപയാക്കി കുറച്ചിരുന്നു. നേരത്തെ ഡൽഹിയിലെ സ്വകാര്യ ലാബുകൾ കോവിഡ് പരിശോധനയ്ക്ക് ഈടാക്കിയിരുന്നത് 2,400 രൂപയാണ്.
രാജ്യത്താകമാനം ആർ.ടി-പി.സി. ആർ പരിശോധന നിരക്ക് 400 രൂപയാക്കി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സംസ്ഥാനങ്ങളുടെ ഈ നീക്കം. മുമ്പ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നെ സംസ്ഥാനങ്ങളും ആർ.ടി-പി.സി. ആർ പരിശോധന നിരക്ക് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.
Discussion about this post