പെർമിറ്റില്ലാതെ വൻകിട കമ്പനികൾക്ക് ഏത് റൂട്ടിലും ബസ് ഓടിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ഓൺലൈൻ ടാക്സി സർവീസിന്റെ മാർഗനിർദേശങ്ങൾ പുറത്തുവിട്ടതിനൊപ്പമാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ, കേന്ദ്ര നിയമത്തിനു അനുസൃതമായി സംസ്ഥാന സർക്കാരിനു ഉത്തരവിറക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതുതരം വാഹനങ്ങളും ഓൺലൈനിൽ വാടക ഈടാക്കി ഓടിക്കാം. ഇതോടെ അഗ്രഗേറ്റർ ലൈസൻസ് സമ്പാദിക്കുന്നവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏതു റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം ലഭിക്കും.
നേരത്തെ, കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഓൺലൈൻ ടാക്സികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിനു നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് കേന്ദ്രത്തിന്റെ ഈ നടപടി. അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ നിലവിലെ അന്തർസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക് ഏതു റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കും. ഇവർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാക്കിയിട്ടുണ്ട്.
5 ലക്ഷം രൂപയാണ് അഞ്ചുവർഷത്തേക്ക് ലൈസൻസ് ഫീസ്. കൂടാതെ, 100 ബസ്സുകളും 1000 മറ്റു വാഹനങ്ങളുമുള്ള കമ്പനികൾ ഒരു ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടയ്ക്കേണ്ടതായി വരും.
Discussion about this post