ഡൽഹി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജിയിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. ഒരഴ്ചത്തേക്കാണ് സുപ്രീം കോടതി കേസ് മാറ്റിവെച്ചത്.
സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി ഹാജരായ കോൺഗ്രസ് നേതാവ് കപിൽ സിബലിനോട് കടുത്ത ചില ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ക്രിമിനൽ കേസിലെ ഒരു പ്രതിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു അസോസിയേഷന് കോടതിയെ സമീപിക്കാൻ സാധിക്കുമോയെന്ന് കോടതി ചോദിച്ചു.
വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി വിധി കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയുടെ മറുപടി. സിദ്ദിഖ് കാപ്പന്റെ കുടുംബത്തെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
കേസിൽ മറുപടി നൽകാൻ ഉത്തർ പ്രദേശ് പൊലീസിന് കോടതി ഒരാഴ്ചത്തെ സമയവും നൽകി. സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനെന്ന വ്യാജേന എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെന്ന് ഉത്തർ പ്രദേശ് പൊലീസ് ആവർത്തിച്ചു. ഇയാൾ ഹത്രാസിലേക്ക് പോയത് കലാപം നടത്താനാണെന്നും യുപി പൊലീസ് വ്യക്തമാക്കി. സിദ്ദിഖ് കാപ്പൻ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ പത്രത്തിന്റെ ഐഡി കാര്‍ഡ് കാണിച്ച് ഇയാള്‍ മാദ്ധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെന്നും സിദ്ദിഖിനൊപ്പം പിടിയിലായവരും സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
മലപ്പുറം സ്വദേശിയായ സിദ്ധിഖ് കാപ്പനൊപ്പം മുസാഫർ നഗർ സ്വദേശി അതീഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, രാംപുർ സ്വദേശി ആലം എന്നിവരാണ് അറസ്റ്റിലായത്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഒക്ടോബർ അഞ്ചിനായിരുന്നു മഥുരയിൽ നിന്നും പ്രതികൾ പിടിയിലായത്.








