തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ശ്രീലങ്കയിലെ മുല്ലത്തീവിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് ബുറേവി കരയിലേക്ക് കടന്നത്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് കാറ്റടിച്ചത്. വീശിയടിച്ച കാറ്റിലും മഴയിലും പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് ഗൾഫ് ഓഫ് മാന്നാറിലേക്ക് നീങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്. ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കാനാണ് സാധ്യത.
അതേസമയം, ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 4 തെക്കൻ ജില്ലകളിൽ നാളെ 70 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും സർക്കാരുകൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post