ലണ്ടൻ: ഈ വർഷത്തെ ആഗോള അധ്യാപക പുരസ്‌കാരം ഇന്ത്യൻ അധ്യാപകന്. യുനെസ്കോയുമായി സഹകരിച്ചുള്ള ആഗോള അധ്യാപക പുരസ്‌കാരം 2020 നു അർഹനായത് മഹാരാഷ്ട്ര സ്വദേശിയായ രഞ്ജിത് സിൻഹ് ഡിസലെയാണ്. 10 ലക്ഷം ഡോളറായിരിക്കും അദ്ദേഹത്തിനു ലഭിക്കുക.
മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള ശിലാ പരിഷത് പ്രൈമറി സ്കൂളിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് രഞ്ജിത് സിൻഹ് ഡിസലെയ്ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കു ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി, ആദ്യ 10 ഫൈനലിസ്റ്റുകൾക്ക് വീതിച്ചു നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
140 രാജ്യങ്ങളിൽ നിന്നുള്ള 12,000 അപേക്ഷകരിൽ നിന്നാണ് രഞ്ജിത് സിൻഹ് ഡിസലെയെ വിജയിയായി തിരഞ്ഞെടുത്തത്. 2014-ലാണ് വർക്കി ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരത്തിനു ദുബായിൽ വെച്ച് തുടക്കമിട്ടത്. ഈ അവാർഡിന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അനുമതിയുമുണ്ടായിരുന്നു.












