ന്യൂഡൽഹി: നാവികസേന ദിനത്തോടനുബന്ധിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ച് കര-നാവിക-വ്യോമ സേനാ മേധാവികൾ. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയ, നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവരാണ് ദേശീയ യുദ്ധസ്മാരകത്തിലെത്തി ആദരവർപ്പിച്ചത്.
നാല്പത്തിയൊമ്പതാമത് നാവികസേനാ ദിനത്തിൽ ആശംസകളറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ രംഗത്തു വന്നിരുന്നു. 1971-ലെ ഇന്തോ- പാകിസ്ഥാൻ യുദ്ധത്തിനിടയിൽ പാകിസ്ഥാനിലെ കറാച്ചിയിൽ നാവിക ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഡിസംബർ നാലിനു നാവികസേന ദിനമായി ആചരിക്കുന്നത്.
രാജ്യത്തെ വിവിധ നാവികസേന ആസ്ഥാനങ്ങളിൽ ഇന്നേ ദിവസം പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിൽ സതേൺ നേവൽ കമാൻഡ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ. കെ ചൗള നേവൽ വാർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിച്ചു.
Discussion about this post