ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. സമരം ചെയ്യുന്ന കർഷകർ മോദി സർക്കാരിൽ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സംഘടനകളുമായി നടത്തിയ അഞ്ചാംഘട്ട ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു. “കൊടും തണുപ്പേറ്റ് കർഷകർ ബുദ്ധിമുട്ടേണ്ടതില്ല. കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കാൻ തയ്യാറായാൽ ഡൽഹിയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും ഒഴിവാകും. അച്ചടക്കം പാലിക്കുന്നതിന് കർഷക സംഘടനകൾക്ക് നന്ദി പറയുന്നു.”-അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക സംഘടനകളുമായി ഡിസംബർ 9 നു വീണ്ടും കേന്ദ്രസർക്കാർ ചർച്ച നടത്തും. കർഷകരുടെ കാര്യത്തിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷക ക്ഷേമത്തിനായി അവതരിപ്പിച്ചിട്ടുള്ള പദ്ധതികൾ അതിനുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post