ഭോപ്പാൽ: കൊടുംകുറ്റവാളി വികാസ് ഡൂബെയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന 5 ലക്ഷം രൂപ 6 പേർക്ക് വീതിച്ചു നൽകും. പാരിതോഷികത്തിനു അർഹരായവരുടെ പേരുവിവരങ്ങൾ മധ്യപ്രദേശ് ഡിജിപിയ്ക്കു കൈമാറിക്കഴിഞ്ഞെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ നിന്നും പിടികൂടിയ വികാസ് ഡൂബെയെ ജൂലൈ 10 നാണ് ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തുന്നത്. പാരിതോഷികത്തിനു അർഹരായവരിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. മഹാകാൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ വിജയ് റാത്തോർ, ജിതേന്ദ്രകുമാർ, പരശുറാം എന്നിവരാണ് പാരിതോഷികത്തിനു അർഹരായവർ. ഇതിനു പുറമെ, വികാസ് ഡൂബെയെ ആദ്യം തിരിച്ചറിഞ്ഞ സുരേഷ് കൻഹാറെന്ന പൂ കച്ചവടക്കാരനും മഹാക്കൽ ക്ഷേത്രത്തിലുണ്ടായിരുന്ന രാഹുൽ ശർമ, ധർമ്മേന്ദ്ര പാർമർ എന്നീ സെക്യൂരിറ്റി ഗാർഡുകൾക്കുമായിരിക്കും പണം ലഭിക്കുക.
പാരിതോഷികം ലഭിക്കാൻ അർഹതയുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഉജ്ജയ്ൻ നഗരത്തിന്റെ സുപ്പീരിയണ്ടന്റ് ഓഫ് പോലീസ് രൂപേഷ് ദ്വിവേദി, ഉജ്ജയ്ൻ റൂറൽ എസ്പി അമരേന്ദ്ര സിങ് എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.
Discussion about this post