പാരീസ്: ഒരേ സമയം രണ്ട് പോർവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള ഫ്രാൻസിന്റെ എയർബസ് ടാങ്കറുകൾ ഇന്ത്യ വാങ്ങിയേക്കും. 6 സെക്കൻഡ് ഹാൻഡ് എയർബസ് 330 ട്രാൻസ്പോർട്ട്-ടാങ്കർ വിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ വില വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
പുതിയ ടാങ്കറിന് ഏകദേശം 1300 കോടിയോളം രൂപയാണ് വില. കോവിഡ് പശ്ചാതലത്തിൽ വിലയിടിഞ്ഞതിനാൽ ഇവ വാങ്ങുന്നത് ഇന്ത്യക്ക് ലാഭമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പാസഞ്ചർ വിമാനമായ എയർബസ് 330 പരിഷ്കരിച്ച് നിർമ്മിച്ച വിവിധോദ്ദേശ്യ വിമാനങ്ങളാണിവ. ഫ്രാൻസ് ഉപയോഗിക്കുന്ന അഞ്ചു മുതൽ ഏഴ് വർഷം വരെ പഴക്കമുള്ള എയർബസ് 330 മൾട്ടി റോൾ ട്രാൻസ്പോർട്ട് ടാങ്കറുകൾ വിലകുറച്ചു നൽകാമെന്ന് ഫ്രഞ്ച് ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്.
വിമാനങ്ങൾക്ക് 30 വർഷത്തെ ആയുസ്സാണ് ഫ്രാൻസ് ഉറപ്പു നൽകുന്നത്. ഇത്തരം വിമാനങ്ങൾ ഒരു ബ്രിട്ടീഷ് കമ്പനിയിൽ നിന്നും വാടകയ്ക്കെടുക്കാനായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ആലോചന. ആ സമയത്താണ് ഫ്രാൻസിന്റെ വാഗ്ദാനം വന്നത്. പുതിയ ടാങ്കറുകൾ എത്തുന്നതോടെ പോർ വിമാനങ്ങളുടെ പ്രഹരപരിധിയായിരിക്കും വർദ്ധിക്കുക.
Discussion about this post