ടെഹ്‌റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫഖ്‌രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഹ്സിൻ ഫഖ്‌രിസാദെയെ തിരിച്ചറിഞ്ഞത് ഇസ്രയേലി ചാര ഉപഗ്രഹമാണെന്നും, കൊലപ്പെടുത്തിയത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കൺട്രോൾ മെഷീൻ ഗൺ ഉപയോഗിച്ചാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായി റവല്യൂഷണറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്നാണ് മൊഹ്സിൻ ഫഖ്‌രിസാദെ അറിയപ്പെട്ടിരുന്നത്. അദ്ദേഹം ആക്രമിക്കപ്പെടുന്നത് നവംബർ 27 ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനു പുറത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കവേയാണ്. ഫഖ്‌രിസാദെയുടെ മുഖത്തേക്ക് മെഷീൻ ഗൺ സൂം ചെയ്ത് 13 റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് റിയർ അഡ്മിറൽ അലി ഫഡവി പറഞ്ഞു. മെഷീൻ ഗൺ നിയന്ത്രിച്ചത് ഉപഗ്രഹം വഴി ഓൺലൈനായാണെന്നും ഇതിനായി നൂതന ക്യാമറയും നിർമ്മിതബുദ്ധിയും ഉപയോഗിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മൊഹ്സിൻ ഫഖ്‌രിസാദെയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാൻ ആരോപിക്കുന്നത്.
Discussion about this post