ന്യൂഡൽഹി: മാസങ്ങളായി മ്യാൻമറുമായുള്ള അതിർത്തിയിൽ ആക്രമണം ശക്തമാക്കിയ വിമത ഗ്രൂപ്പുകളെ ചൈന സഹായിക്കുകയാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ. ഇന്ത്യ തിരഞ്ഞു കൊണ്ടിരിക്കുന്ന നാല് വിമത നേതാക്കൾ ഒക്ടോബറിൽ തെക്കൻ ചൈനീസ് നഗരമായ കുൻമിങ്ങിലുണ്ടായിരുന്നെന്ന് സുരക്ഷാ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി ഇന്ത്യ രംഗത്തുവന്നിട്ടുള്ളത്.
ഈ വർഷം ഭീകരസംഘടനയായി പ്രഖ്യാപിച്ച യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമി, അരാക്കൻ ആർമി എന്നിവ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള കലാപകാരികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തും ഒളിത്താവളങ്ങൾ ഒരുക്കിയും ചൈനയുടെ സഹായികളായി പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, ചൈനീസ് ഉദ്യോഗസ്ഥരെയും മറ്റു ഇടനിലക്കാരെയും ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ പ്രത്യേക പ്രദേശത്തായി പ്രവർത്തിക്കുന്ന മൂന്ന് വംശീയ നാഗ വിമതരുൾപ്പെടെയുള്ള സംഘം സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ.
അതിർത്തിയിലെ മറ്റുഭാഗങ്ങളിൽ ചൈനയുമായും പാകിസ്ഥാനുമായും സംഘർഷം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മ്യാൻമർ അതിർത്തിയിലെ പ്രവർത്തനങ്ങളും ആശങ്ക ഉയർത്തുന്നുണ്ട്.
Discussion about this post