തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടിംഗ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലാണ്. ഈ 5 ജില്ലകളിലുമായി 24,584 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
കൊല്ലം പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും ഓരോ സ്ഥാനാർത്ഥികൾ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, വെബ്കാസ്റ്റിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ മൊബൈൽ ഫോൺ പോളിംഗ് സ്റ്റേഷനകത്തു കൊണ്ടുപോകാൻ മറ്റാർക്കും അനുവാദമില്ല.
പോളിംഗ് ബൂത്തിനടുത്തോ മറ്റെവിടെയെങ്കിലുമോ അനിഷ്ട സംഭവമുണ്ടായാൽ ഉടൻ പോലീസെത്തും. ഇതിനായി 66 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 718 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ 8 കമ്പനി സ്‌ട്രൈക്കിങ് ഫോഴ്‌സുമുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.











