തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ എൽ ഡി എഫിൽ ഭിന്നത. കേരള കോൺഗ്രസ്സ് നേതാവ് ജോസ് കെ മാണിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തി. ജോസ് കെ മാണി പരിശുദ്ധനാണെന്ന് അഭിപ്രായമില്ലെന്ന് പന്ന്യൻ പറഞ്ഞു.
സോളാർ കേസിൽ ജോസ് കെ മാണി കുറ്റവാളിയാണെങ്കിൽ നടപടിയെടുക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. എൽ ഡി എഫിൽ വന്നത് കൊണ്ട് മാത്രം എല്ലാവരും സംശുദ്ധരാകുമെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം ജോസ് കെ മാണിക്കെതിരായ പന്ന്യന്റെ പ്രതികരണം സിപിഐയിൽ ഒറ്റപ്പെട്ടതല്ലെന്നാണ് സൂചന. നിരവധി സിപിഐ നേതാക്കൾക്കും ഭൂരിപക്ഷം അണികൾക്കും ഇതേ അഭിപ്രായമാണുള്ളത്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെയും എൽഡിഎഫിന്റെയും പരസ്യ നിലപാടിനെതിരെ പ്രതികരിക്കാൻ ഇത് വരെ ആരും തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം എൽഡിഎഫിൽ പുതിയ കലാപങ്ങൾക്ക് വഴി വെക്കുമെന്നാണ് സൂചന.












