രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നിലാക്കി കുതിച്ച് ബിജെപി. വൈകീട്ട് 5.30 വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 4,371 പഞ്ചായത്ത് സമിതി സീറ്റുകളിൽ 1,554 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്.
ഭരണകക്ഷിയായ കോൺഗ്രസ് നേടിയത് 1,440 സീറ്റുകളാണ്. രാജസ്ഥാൻ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, 371 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും 55 സീറ്റുകളിൽ എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് തന്ത്രിക്ക് പാർട്ടി സ്ഥാനാർത്ഥികളും വിജയിച്ചു. കർഷക പിന്തുണയുള്ള പാർട്ടി കൂടിയാണ് രാഷ്ട്രീയ ലോക് തന്ത്രിക്ക് പാർട്ടി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയാണ് മുന്നിട്ടു നിന്നിരുന്നതെങ്കിലും പിന്നീട് ബിജെപി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. സിപിഎം 16, ബിഎസ്പി 3, തൃണമൂൽ കോൺഗ്രസ് 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില.
രാജസ്ഥാനിലെ 21 ജില്ലകളിലുള്ള 636 ജില്ലാ പരിഷത്തിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതുവരെ 111 ജില്ലാ പരിഷത്തിലേക്കുള്ള ഫലമാണ് പ്രഖ്യാപിച്ചത്. ഇതിൽ 61 ജില്ലാ പരിഷത്തിൽ ബിജെപിയും 48 സീറ്റിൽ കോൺഗ്രസും വിജയിച്ചു.
Discussion about this post