തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടീസ് നൽകുമ്പോഴെല്ലാം ആശുപത്രിയിൽ പോകുന്ന രവീന്ദ്രനെ എയിംസിലെ ഡോക്ടർമാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
“സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളും കൂട്ടിവായിച്ചാൽ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുവെന്ന് വ്യക്തമാണ്. സ്വപ്നയ്ക്ക് ഭീഷണി ലഭിച്ചതിനു പിന്നിൽ സർക്കാരിന് പങ്കുണ്ടോയെന്ന് സംശയിക്കണം”-അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പുറമേ, റിവേഴ്സ് ഹവാലയിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് റിവേഴ്സ് ഹവാലയിലെ ഉന്നതനെന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ ഈ വ്യക്തി ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഇക്കാര്യം ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നുമാണ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ ഇക്കാര്യം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post