മെൽബൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ കൂട്ടക്കൊല നടത്തിയ ഓസ്ട്രേലിയൻ വംശജൻ ബ്രന്റൻ ടറാന്റ് 2016-ൽ മൂന്നുമാസം ഇന്ത്യയിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടുകൾ. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മസ്ജിദുകളിൽ കഴിഞ്ഞ വർഷം മാർച്ചിൽ 51 പേരെ വെടിവെച്ചു വീഴ്ത്തിയ കേസിൽ പ്രതിയാണ് ബ്രന്റൻ ടറാന്റ്.
2019 മാർച്ച് 15 നു നടത്തിയ വെടിവെപ്പിൽ അഞ്ച് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ബ്രന്റൻ മൂന്ന് മാസം ഇന്ത്യയിൽ എന്ത് ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. മാത്രമല്ല, ഏതെങ്കിലും ഭീകര സംഘടനകളുമായി ഇയാൾ ബന്ധപ്പെട്ടതിനെക്കുറിച്ചോ പരിശീലനം നേടിയതിനെക്കുറിച്ചോ സൂചനകളും ലഭിച്ചിട്ടില്ല. എന്നാൽ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും ബ്രന്റൻ സന്ദർശിച്ചിരുന്നു. കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ബ്രന്റൻ ടറാന്റ് 2019 ലാണ് ന്യൂസിലൻഡിൽ എത്തുന്നത്.
സ്കൂൾ വിട്ടതിനു ശേഷം ഒരു ജിമ്മിൽ ട്രെയിനറായിരുന്നു ബ്രന്റനെന്നും റോയൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബ്രന്റൻ 2014 നും 2017 നും ഇടയിലാണ് ലോക യാത്ര നടത്തിയത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സമയം തങ്ങിയത് ഇന്ത്യയിലാണ്. ഓഗസ്റ്റിൽ ബ്രന്റനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
Discussion about this post