ന്യൂഡൽഹി: എംആർഎൻഎ കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വാക്സിനാണ് എംആർഎൻഎ വാക്സിൻ. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻനോവ കമ്പനിയാണ് എച്ച്ഡിടി ബയോടെക്ക് എന്ന യുഎസ് കമ്പനിയുമായി സഹകരിച്ച് വാക്സിൻ വികസിപ്പിച്ചത്.
പുതിയ സാങ്കേതികവിദ്യയായ എംആർഎൻഎ ഉപയോഗിച്ചുള്ള വാക്സിനാണിത്. സാധാരണ വാക്സിനുകളിൽ നിന്നും വ്യത്യസ്തമായ എംആർഎൻഎ വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയിലും മാറ്റമുണ്ട്. പ്രതിരോധശേഷി ഉണ്ടാക്കുന്നതിനായി സാധാരണ പല വാക്സിനുകളും ചെയ്യുന്നത് നിർജ്ജീവമായ അല്ലെങ്കിൽ ശക്തികുറഞ്ഞ വൈറസുകളെ മനുഷ്യ ശരീരത്തിലേക്ക് കടത്തി വിടുകയാണ്. എന്നാൽ, എംആർഎൻഎ വാക്സിന്റെ പ്രവർത്തനം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രോട്ടീൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് മനുഷ്യശരീരത്തിലെ കോശങ്ങളെ പഠിപ്പിക്കുകയാണ് ഈ വാക്സിൻ ചെയ്യുന്നത്. ഇതിലൂടെ ശരീരം ആന്റിബോഡികളുണ്ടാക്കും. ഇവയാണ് യഥാർത്ഥ വൈറസ് നമ്മുടെ ശരീരത്തിൽ കയറുമ്പോൾ സംരക്ഷണം നൽകുന്നത്.











