ന്യൂഡൽഹി: പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും സജീവമായതായി റിപ്പോർട്ടുകൾ. തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ക്യാമ്പുകളാണ് വീണ്ടും ബലാക്കോട്ടിൽ സജീവമായിട്ടുള്ളത്. ഇവിടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്ന് ഇന്റലിജന്റ്‌സ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2019-ൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ വീണ്ടും ഭീകരവാദ ക്യാമ്പുകൾ സജീവമായിരിക്കുന്നത്. പ്രദേശത്തെ ഭീകരർ ഇന്ത്യക്കെതിരെയും പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെയും മുദ്രാവാക്യങ്ങൾ വിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് ജെയ്ഷ്-ഇ-മുഹമ്മദിന്റെ സ്ഥാപകനായ ഭീകരൻ മസൂദ് അസറിന്റെ സഹോദരൻ മൗലാന അബ്ദുൾ റൗഫ് അസറാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് മസൂദ് അസർ. ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഈ പുതിയ നീക്കത്തിനെതിരെ ഇന്ത്യ എന്തെല്ലാം നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമല്ല. എങ്കിലും പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് തീർച്ചയാണ്.
Discussion about this post