തൃശൂർ: നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ചതിന്റെ മരവിപ്പിന് ആശ്വാസമായി തൃശൂരിൽ നിന്നും ഒരു വാർത്ത. മണലൂർ പാലാഴി ആലത്തി ശോഭനയുടെ വീട്ടിൽ തള്ളപ്പൂച്ചയുടെ മൂന്നാം പ്രസവത്തിൽ ജനിച്ച അഞ്ച് കുഞ്ഞുങ്ങളും പൊക്കിൾക്കൊടിയുടെ ഭാഗം ഒട്ടിച്ചേർന്നാണ് ജനിച്ചത്. നാട്ടുകാരും ഡോക്ടർമാരും മരണം വിധിച്ചപ്പോൾ കരുണ വറ്റാത്ത വീട്ടുകാരുടെ കാവലിൽ അഞ്ച് പേർക്കും പുതു ജീവൻ.
ശരീരം ഒട്ടിച്ചേർന്ന അവസ്ഥയിൽ ജനിച്ച പൂച്ചക്കുട്ടികൾ വേദന നിമിത്തം നിർത്താതെ കരച്ചിലായിരുന്നു. തുടർന്ന് ശോഭനയുടെ മക്കളായ ആർദ്രയും അമൽകൃഷ്ണയും സമീപത്തെ വെറ്ററിനറി ഡോക്ടർമാരെ ഫോണിൽ വിളിച്ച് തിരക്കിയപ്പോൾ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. എന്നാൽ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിന്റെ നിർദേശപ്രകാരം അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്കിലെ സർജനും തെക്കുംപാടം സ്വദേശിയുമായ ഡോ. സുശീൽകുമാറും സംഘവും ചേർന്ന് ശസ്ത്രക്രിയ നടത്തി അഞ്ച് പേരെയും വേർപെടുത്തുകയായിരുന്നു.
നാല് വർഷം മുമ്പ് റോഡരികിൽ പരിക്ക് പറ്റി കിടന്ന ഹിമാലയൻ ഇനത്തിൽ പെട്ട പൂച്ചയ്ക്ക് കുഞ്ഞുമണി എന്ന് പേരിട്ട് ശോഭനയും മക്കളും വളർത്തുകയായിരുന്നു. ഇപ്പോൾ അഞ്ചുപേരും അമ്മയോടൊപ്പം കളിച്ചും പാലുകുടിച്ചും ആരോഗ്യത്തോടെ കഴിയുന്നുവെന്ന സന്തോഷകരമായ വാർത്തയാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.












